Wednesday, February 22, 2012

ഗതിമാറി ഒഴുകിയ പുഴ: ഭാഗം-6


പിറ്റേ ദിവസം ഞങ്ങളു രണ്ടുപേരും ഒരേ പോലെ എന്‍ ഗേജ്ഡ് ആയിരുന്നതിനാല്‍ താനവളെ ഒന്നു വിളിക്കുക മാത്രമേ ചെയ്തുള്ളു. തന്‍റെ വിളിക്ക് അവള്‍ കാതോര്‍ത്തിരുന്ന പോലെ... അവളുടെ റെസ്പോണ്‍സ് കിട്ടിയപ്പോള്‍ മനസ്സിലായി. അങ്ങിനെ  കോണ്‍ ഫെറന്‍സു കഴിഞ്ഞ് പോരുന്നതിനു മുമ്പായി താനും അര്‍ച്ചനയും വീണ്ടും പലസ്ഥലങ്ങളില്‍ ഒത്തുകൂടി സമയം ചെലവഴിച്ചു. ഒരിയ്ക്കല്‍ പോലും അവള്‍ വിനോദിന്‍റെ കാര്യം ഒന്നും  പറഞ്ഞില്ലയെന്നുള്ളത് എന്‍റെയുള്ളിലൊരു
നീറ്റലുളവാക്കി.
 അത്തവണത്തെ കോണ്‍ ഫെറന്‍സ്  പിരിഞ്ഞത്മൈനിംഗ് ആന്‍റ് ജിയോളജി വകുപ്പ് ആതിഥ്യം വഹിക്കുന്ന വേള്‍ഡ് കോണ്‍ ഫെറന്‍സ്    ഹൈദ്രബാദില്‍ വെച്ചു നടത്താമെന്നുള്ള തീരുമാനത്തിനു വേണ്ടിയുള്ള ഒരു പ്രൊപ്പോസല്‍ ഗവണ്മെന്‍റിലേയ്ക്ക്  കൊടുക്കാന്‍ ,പാസ്സാക്കി കൊണ്ടായിരുന്നു.
മനസ്സിലങ്ങനെ വീണ്ടും ഒന്നുകൂടി  ഹൈദ്രബാദു സിറ്റി...നമ്മുടെ സാംസ്ക്കാരിക പൈതൃകത്തിന്‍റെ മകുടം ചാര്‍ത്തി നില്‍ക്കുന്ന പള്ളികളും, മിനാരങ്ങളും, ബസ്സാറുകളും കൊണ്ട് പേരുകേട്ട...ഹൈദ്രബാദില്‍  ഒന്നുകൂടി വരാന്‍ വേണ്ടി ,ഞാന്‍ ട്രെയിന്‍ കയറി നാട്ടിലേയ്ക്ക് തിരിച്ചു. എന്നെ യാത്രയാക്കാന്‍ അര്‍ച്ചന വന്നിരുന്നത് എന്നിലൊരു പ്രതീക്ഷയുടെ നേര്‍ത്ത  വെളിച്ചം തന്നു.
  നാട്ടിലെത്തിയതുവരെ  വിനോദുമായി ഒരു  കോണ്‍ടാക്റ്റും നടത്താതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. നാട്ടിലെത്തിയ അന്നാണ് താന്‍ അവനെ ഒന്നു വിളിച്ചത്. ഭാഗ്യത്തിന് അവന്‍ പുതി പ്രോജക്റ്റിന്‍റെ ക്ലയ്ന്‍റ് മീറ്റിംഗിലും അവരെ  പ്ലീസു ചെയ്യാന്‍ കൊണ്ടു നടക്കുന്ന തിരക്കിലും ഒക്കെയായിരുന്നു. അവന്‍ വീണ്ടും നാട്ടിലേക്കു വരുന്ന ദിവസവും പാര്‍ത്തു  താനിരുന്നു. അങ്ങിനെ അടുത്തമാസം പകുതിയില്‍  ഒരു ദിവസത്തെ ഹോളിഡേയും ശനിയും ഞായറും കൂടിചേര്‍ന്ന് മൂന്നു ദിവസത്തെ അവധിക്ക് അവന്‍ വീട്ടിലേക്കു വരുന്നുണ്ടെന്നുപറഞ്ഞു. അങ്ങനെ അവനെ അടുത്തു കിട്ടുമ്പോള്‍ ചോദിക്കാനും പറയാനുമുള്ള കാര്യങ്ങള്‍ ചിക്കിചികഞ്ഞ് തൂത്തുകൂട്ടി മനസ്സില്‍ കൂട്ടിയിട്ടുകൊണ്ട് അവനുവേണ്ടി താന്‍ കാത്തിരുന്നു.

   ആ ദിവസം വന്നെത്തി. അന്നു കാലത്ത് 7മണിയ്ക്കുള്ള   ചെന്നൈ  ബാംഗ്ലൂര്‍  തിരുവനന്തപുരം ഫ്ലൈറ്റിന് അവനെത്തുന്നു. ഒരു പരീക്ഷണം നടത്തി, അതിന്‍റെ റിസള്‍ട്ട് അറിയുന്ന മനസ്സിന്‍റെ ഉദ്വേഗം...അതായിരുന്നു തന്നിലപ്പോള്‍. അവന്‍ മൂന്നു ദിവസത്തെ അവധിയ്ക്കല്ലേ. ഒരുദിവസം എപ്പോഴത്തേയും പോലെ എന്നെയും കൊണ്ട്   എല്ലാക്ഷേത്രങ്ങളിലും  പോകും. ഇത്തവണ ആ ദിവസമാണ് താനവനോട് പറഞ്ഞത്, എനിയ്ക്കിത്തവണ അമ്പലത്തില്‍ പോകണ്ട. ഞാനും നീയും കൂടി ആ സമയം  കോവളത്തെ കടല്‍ തീരത്താണ് ചെലവഴിയ്ക്കാന്‍ പോകുന്നതെന്ന്. അവന്‍ സമ്മതിച്ചു. അത് അവന് ഏറ്റവും  ഇഷ്ടമുള്ള കാര്യമായിരുന്നു. കടല്‍ തീരത്ത് തിരയെണ്ണി കാറ്റുകൊള്ളുകയെന്നുള്ളത്
  അങ്ങിനെ കോവളത്തെത്തി ഒരു ഒഴിഞ്ഞ സ്ഥലത്ത്  പാറപ്പുറത്തായി ഞങ്ങളിരുന്നു. ധാരാളം വിനോദസഞ്ചാരികള്‍ സമുദ്രസ്നാനത്തിന് എത്തിയിരിക്കുന്നു. സീസണ്‍ തുടങ്ങിയിട്ടില്ല. താനോര്‍ത്തു. അതിനുമുമ്പേ ഈ തിരക്ക്എത്ര മനോഹരമായ തീരം. മനസ്സില്‍ കവിത വിരിയുന്നപോലെയുള്ള കടല്‍. പ്രകൃതിയുടെ വികൃതിപോലെ. ചിലസ്ഥലങ്ങളില്‍ ഈ കടല്‍ തന്നെയല്ലേ..സംഹാര താണ്ഡവം ആടുന്നത്.എല്ലാത്തിനേയും   കടപുഴക്കിയെടുത്തെറിഞ്ഞു കൊണ്ടുള്ള തിരമാലകളുമായി....    പറഞ്ഞു കേട്ടിട്ടുണ്ട് കടല്‍ ഒരിടത്തു നിന്നെടുത്ത് വേറൊരിടത്തുകൊണ്ടിടുമെന്ന്. അതില്‍ നിന്നായിരിക്കാം മനുഷ്യനും ചില മൂല്യങ്ങള്‍ പഠിച്ചത്.        അവനാണ് തുടക്കമിട്ടത്"അമ്മയെന്തോ പറയാനാണ് ഇവിടെ വന്നതെന്നെനിയ്ക്കറിയാംഎന്താണെന്നു വെച്ചാല്‍ തുടങ്ങിക്കോളൂ...." താന്‍ വിചാരിച്ചു , വിനോദ് നീയിപ്പോള്‍ എന്‍റെ മനസ്സു റീഡു ചെയ്യുവാന്‍ എത്രമാത്രം പഠിച്ചിരിക്കുന്നു. താന്‍ പറഞ്ഞു തുടങ്ങി....
"  ഞാന്‍ പറയുന്നത് നീയൊരു അനാട്ടമി പഠിക്കുന്ന വിദ്യാര്‍ത്ഥിയുടെ മാനസ്സികാവസ്ഥയില്‍ വേണം കരുതാന്‍   അതേപോലെ വേണം എന്‍റ വാക്കുകളെ നീ ഉള്‍ ക്കൊള്ളാന്‍. കാരണം ഞാന്‍ നിന്‍റ അമ്മയാണ്. നമുക്കിടയിലുള്ള ആ ഗ്യാപ്പിനെ ഉള്‍ ക്കൊണ്ടുകൊണ്ട് , നമുക്കിടയിലെ ആ പവിത്രതയെ കാത്തു കൊണ്ട് എനിയ്ക്ക് നിന്നോടിതു പറയണം.. നിന്‍റെമുമ്പിലൊരു സ്ത്രീ ശരീരമാണ് കിടത്തിയിരിക്കുന്നത് എന്നു വേണം സങ്കല്‍പ്പിക്കാന്‍. അതിനെ കീറി മുറിച്ചു പഠിക്കുമ്പോളൊരിയ്ക്കലും  ഒരു മെഡിക്കല്‍ വിദ്യാര്‍ത്ഥി  അതിന്‍റെ സ്ത്രൈണഭാവത്തിനെയോര്‍ക്കുകയില്ലല്ലോ . ഇല്ലെങ്കിലോര്‍ക്കാന്‍ പാടില്ല."
" അമ്മ കാര്യം പറയൂ.."
 താന്‍ വിനോദിന്  പറഞ്ഞു കൊടുത്തത്, വില്ലാളിവീരനായ അര്‍ജ്ജുനന്‍അതിസാഹസികമായി യന്ത്രക്കിളിയെ  എയ്തു വീഴ്ത്തി പാഞ്ചാലിയെ സ്വയംവരം ചെയ്തതും അവസാനം തനിയ്ക്കുമാത്രം അവകാശപ്പെട്ട പാഞ്ചാലിയെ, ജേഷ്ഠന്മാര്‍ രണ്ടുപേരും ആവശ്യാനുസരണം കാമാര്‍ത്തി തീര്‍ത്തിട്ട് ഉച്ഛിഷ്ടം ഭുജിക്കുന്നതുപോലെ പ്രാപിക്കാന്‍  വിധിക്കപ്പെട്ടതുമായ    അര്‍ജ്ജുനന്‍റെ മാനസിക അവസ്ഥയായിരുന്നു.
അതു പറയുമ്പോളവന്‍റെ മുഖത്തു മിന്നിമറഞ്ഞ ക്രൌര്യഭാവം താന്‍ ശ്രദ്ധിയ്ക്കുന്നുണ്ടായിരുന്നു. കഥ തീര്‍ന്നു കഴിഞ്ഞ് താന്‍ അര്‍ച്ചനയ്ക്കു കൊടുത്തപോലെ ഒരു ചോദ്യമാണ് അവനും കൊടുത്തത്.
താനിങ്ങനെ ചോദിച്ചു.
" മോനേ, അമ്മയുടെ ചോദ്യത്തിനു വ്യക്തമായ ഉത്തരം തരണംഅര്‍ജ്ജുനന്‍ പാഞ്ചാലിയെ മൂന്നാം ഊഴക്കാരനായി പ്രാപിക്കുമ്പോള്‍ അര്‍ജ്ജുനന്‍റെ മനസ്സിലെ വികാരം       മോന്‍റെ കാഴ്ചപ്പാടില്‍  പറയുന്നത് കേള്‍ക്കാന്‍... ഞാനാഗ്രഹിക്കുന്നു. അനാട്ടമി പഠിക്കുന്ന കുട്ടിയുടെ ഒരു മാനസിക അവസ്ഥയിലാണു ഞാനും ഇപ്പോള്‍. മോന്‍ ധൈര്യമായും, മനസ്സു തുറന്നു പറയണം.."
 അവന്‍റയുത്തരം തന്നെ അക്ഷരാര്‍ത്ഥത്തില്‍   അത്ഭുതപ്പെടുത്തിയെന്ന്  തന്നെ പറയാം.
 അവന്‍ പറഞ്ഞു. " . സ്വയംവരമണ്ഡപത്തില്‍ മനസ്സും ശരീരവും തനിയ്ക്കര്‍പ്പിച്ച പാഞ്ചാലി ആദ്യമായി മണിയറ പൂകിയ പ്രതീതിയില്‍...വ്രീളാവിവശയായി..  പരപുരഷനൊന്നും സ്പര്‍ശിയ്ക്കാതെ ...തനിയ്ക്കായി മാത്രം കാത്തുവച്ചിരുന്നതെല്ലാം തനിയ്ക്കു തന്നെ നല്‍കിയ  മനസ്സികാവസ്ഥയിലായിരിക്കണം പാഞ്ചാലിയെ  അര്‍ജ്ജുനന്‍  പ്രാപിച്ചത്. അര്‍ജ്ജുനന്‍ പാഞ്ചാലിയുടെ മനസ്സിലേയ്ക്കല്ലേ പ്രവേശിച്ചത്. തിരിച്ചു പാഞ്ചാലിയും. അര്‍ജ്ജുനനെ മനസ്സിലേറ്റിക്കൊണ്ടു സ്വയംവരം ചെയ്ത പാഞ്ചാലി. പാഞ്ചാലിയെ മനസ്സില്‍ പ്രതിഷ്ഠിച്ച അര്‍ജ്ജുനന്‍. മനസ്സു തമ്മിലടുത്തവര്‍ക്കിടയില്‍ ശരീരത്തിനെന്തു പ്രസക്തി!കട്ടെടുത്ത ഒരു രത്നമാല രണ്ടുദിവസം  ഉപയോഗിച്ചിട്ട് ഉടമസ്ഥനു തിരിച്ചു കിട്ടിയാലത്തെ സന്തോഷം .അതായിരിക്കണം അര്‍ജ്ജുനനു തോന്നിയത്. രത്നമാലയെ കുറ്റപ്പെടുത്താന്‍ പറ്റുകയില്ലല്ലോ. അതു മോഷ്ടിച്ചവനെയല്ലേ കുറ്റപ്പെടുത്തേണ്ടത്."

 തനിയ്ക്കവനോട് സത്യത്തില്‍ ബഹുമാനമാണ് തോന്നിയത്. ശരിക്കും ഒരു തത്ത്വചിന്തകനേപ്പോലെയുള്ള അവന്‍റെ മറുപടി. മനസ്സിലെന്തെന്നില്ലാത്ത സന്തോഷം തോന്നി. താന്‍ കേള്‍ക്കാനാഗ്രഹിച്ചതും അതു തന്നെയായിരുന്നു. ഒരു തെറ്റും അറിഞ്ഞു കൊണ്ടു ചെയ്യാത്ത അര്‍ച്ചന... അവളുടെ ജീവിതഗതി മാറ്റിയെടുക്കണം.   അടിയൊഴുക്കുകളുടെ  ഒരു സൂചനയും കിട്ടാത്ത അര്‍ച്ചനയുടെ പേരന്‍റസ്   ഇതിനോടകം രണ്ടു പ്രാവശ്യം   വീട്ടില്‍  വിളിച്ചിരുന്നു.ഞങ്ങളുടെ വീട്ടിലേക്കുവരാന്‍. പക്ഷേ ഓരോ ഒഴികഴിവു പറഞ്ഞ് അവന്‍ മാറ്റി വെയ്ക്കാന്‍ നിര്‍ബന്ധിക്കുകയായിരുന്നു. അപ്പോഴെല്ലാം താന്‍ കരുതിയത് വിനോദ് തെന്നിമാറുവാനുള്ള ലക്ഷണമായിരുന്നു എന്നാണ്.
 അത്തവണ അവന്‍ വന്നുപോയിക്കഴിഞ്ഞാണ് ഞാന്‍ അര്‍ച്ചനയ്ക്ക് പഴയതുപോലെ മെയിലയക്കാന്‍ തുടങ്ങിയത്. തന്‍റെ എല്ലാ മെയിലിനും അവള്‍ കൃത്യമായും മറുപടി അയച്ചിരുന്നു. പക്ഷേ ഒരിയ്ക്കല്‍ പോലും വിനോദിന്‍റെ കാര്യം  അവളൊന്നു സൂചിപ്പിക്കാത്തതുകൊണ്ട് തന്‍റെ മനസ്സില്‍ വീണ്ടും കരിമേഘങ്ങളുരുണ്ടു കൂടി. 

തുടര്‍ന്നു വായിക്കുവാന്‍ ഇവിടെ ക്ലിക്കുക
അടിക്കുറിപ്പ്


ഈ കഥയ്ക്ക് ഏഴു ഭാഗങ്ങളുണ്ട് ലിങ്കില്‍ ക്ലിക്കിയാല്‍ ഓരോ ഭാഗങ്ങളും വായിക്കാം

ഭാഗം 1
ഭാഗം 2
ഭാഗം 3
ഭാഗം 4
ഭാഗം 5
ഭാഗം 6
ഭാഗം 7   

No comments:

Post a Comment

Related Posts Plugin for WordPress, Blogger...