Wednesday, January 15, 2014

പറയാന്‍ മറന്നത്.( ഒന്നാം ഭാഗം)--ഈ ആഴ്ച തൊട്ട് കേരളകൌമുദി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചു വരുന്നു.








1
 ഞാന്‍ വിചാരിച്ചു. അതയാള്‍ പറയാന്‍ മറന്നു പോയതായിരിക്കാമെന്ന്. പക്ഷെ പിന്നെ പിന്നെ മനസ്സിലായി അതയാള്‍ മനഃപ്പൂര്‍വ്വം പറയാതിരിക്കുകയാണെന്ന്. ഒളിക്കുമ്പോളറിയാനുള്ള താല്പര്യം കൂടുമെന്നു പറയുന്നതുപോലെ ജിജ്ഞാസ,ദിവസങ്ങള്‍ ചെല്ലുംന്തോറും എനിക്ക് കൂടിക്കൂടി വന്നു. പക്ഷെ ഒറ്റയടിക്ക് അതയാളോട് ചോദിക്കാനുള്ള ധൈര്യം എനിക്കില്ലായിരുന്നു.

പൊതുവേ  എല്ലാവരും പറയുന്നതു പോലെയുള്ള ഒരു ധൈര്യമൊന്നും എനിക്കില്ല.

ഒരാളെ പുറമെ കാണുന്നതു വെച്ചു വിലയിരുത്തന്നത് മഹാ മണ്ടത്തരമാണെന്ന് അയാളുടെ കഥകേട്ടപ്പോളാണ് എനിക്കു മനസ്സിലായത്. ഏതൊരാളേയും പുറമേ നിന്നു നോക്കി കാണുന്നതു പോലെയല്ല അവരുമായി കൂടുതല്‍ അടുക്കുമ്പോള്‍.

എന്‍റെ സെക്‍ഷനില്‍ അയാള്‍ സ്ഥലം മാറി വരുമ്പോള്‍ എല്ലാവരും  അയാളില്‍ നിന്നും അകന്നു നില്‍ക്കുന്നതു പോലെയാണ് എനിക്കു തോന്നിയത്. അയാള്‍ വരുന്നതിനു മുന്‍ പേ  അയാളുടെ ഇരട്ടപ്പേര് ആള്‍ക്കൂട്ടത്തില്‍ തനിയെ എന്നുള്ളത്  ഒരു ചെവിയില്‍ നിന്നും മറു ചെവിയിലേക്ക് തത്തിക്കളിച്ചുപോയി.
പൊതുവേ  ഉച്ചയൂണു സമയത്തെ  സര്‍ക്കാരു ജീവനക്കാരുടെ ഡൈനിംഗ്  ടേബിളിലെ ഗോസ്സിപ്പു ക്ലബ്ബിലെ അംഗമല്ലാത്തതുകൊണ്ട് എനിക്ക് അങ്ങനെയുള്ള വാര്‍ത്തകള്‍ ഒന്നും കിട്ടാറും ഇല്ലായിരുന്നു. ഞാനതൊട്ട് അറിയാനും ശ്രമിച്ചിരുന്നില്ല.
ഒറ്റനോട്ടത്തില്‍ തന്നെ ഗൌരവക്കാരനായിരുന്നു അലക്സ്. ഒരു തിങ്കളാഴ്ച ദിവസമാണ് അയാള്‍  ഞങ്ങളുടെ സെക്‍ഷനില്‍ വന്നു ജോയിന്‍ ചെയ്തത്. സീനിയര്‍ അക്കൌണ്ടന്‍റായിരുന്ന അലക്സിന്‍റെ ജോലിയെപ്പറ്റി എല്ലാവര്‍ക്കും നല്ല മതിപ്പായിരുന്നു.
ഉച്ചയൂണു സമയത്തെ ഒഴിവു വേളകളില്‍ മറ്റുള്ളവര്‍ റിക്രിയേഷന്‍ റൂമിലെ ക്യാരംസ് ബോര്‍ഡിന്‍റെ കരുക്കളിലും  റോഡരികത്തെ  മരച്ചുവട്ടിലും സമയം പോക്കുമ്പോള്‍ അലക്സ് ബാഗില്‍ കരുതി വെച്ചിരിക്കുന്ന പുസ്തകത്താളുകളിലൂടെ സഞ്ചരിക്കുന്നതു കാണാമായിരുന്നു.
വായന ഹരമായിരുന്നതു കൊണ്ടാകാം എനിക്കയാളോട് കൂടുതല്‍ ബഹുമാനം തോന്നിയത് . വായനയുടെ ലോകത്തില്‍ അയാള്‍ കടല്‍ കടന്നു സഞ്ചരിക്കുമ്പോള്‍ ഞാനെപ്പോഴും നാട്ടു വഞ്ചി തുഴയുകയായിരിക്കും. ആംഗലേയ സാഹിത്യത്തില്‍ പുറകോട്ടായ എനിക്ക് അയാള്‍  പേരുകേട്ട ഇംഗ്ലീഷെഴുത്തുകാരുടെ പുസ്തകങ്ങള്‍ വായിച്ചു രസിക്കുന്നതു കാണുമ്പോള്‍ ഒരു തരം ആരാധനയായിരുന്നു.
അങ്ങനെ ഒരു ദിവസം   ഇംഗ്ലീഷെഴുത്തുകാരനായ  കാഫ്ക്കയുടെ ഒരു കഥ അറിയാനാണ് ഞാനയാളെ സമീപിച്ചത്. ഒരു കൊച്ചു കുട്ടിക്കു കഥ പറഞ്ഞു തരുന്ന ലാഘവത്തോടെ അയാളാ കഥ പറഞ്ഞു തന്നപ്പോള്‍ ശരിക്കും  എനിക്ക് അയാളോടുള്ള ബഹുമാനത്തിന്‍റെ മാറ്റുകൂടിയെന്നു തന്നെ പറയാം.
അങ്ങനെ ഉച്ചയൂണു സമയത്തെ ഒഴിവു വേളകള്‍ ഞങ്ങള്‍ക്ക് കഥാ വേളകളായി മാറുകയായിരുന്നു. പുസ്തകത്തിലുള്ള   അയാളുടെ     അഗാധമായ പാണ്ഡിത്യം എന്നെ വിസ്മയിപ്പിച്ചു.

തോമസ് ഹാര്‍ഡിയും അഗതാക്രിസ്തിയും ഷേക്ക്സ്പിയറും ഒക്കെ അയാളില്‍  കൂടി
എന്‍റെ  പരിചയക്കാരായി  മാറിയപ്പോള്‍ എനിക്ക് അലക്സിനോടുള്ള ബഹുമാനം  
ഇരട്ടിച്ചു.
  ഞങ്ങളു തമ്മിലുള്ള പരിചയം പതുക്കെ പതുക്കെ അയാളുടെ ജീവിതത്തിന്‍റെ ഏടുകള്‍ തുറക്കുവാന്‍ വഴി തെളിക്കുകയായിരുന്നു.  സെക്‍ക്ഷനിലെ സഹ ജീവനക്കാരുടെ അത്ഭുതം കൂറുന്ന മിഴികളുടെ അര്‍ഥം വായിച്ചെടുക്കുവാന്‍ എനിക്ക് ലേശം പോലും ബുദ്ധിമുട്ടില്ലായിരുന്നുവെങ്കിലും മനസ്സാക്ഷിയില്‍ മാലിന്യം പുരളാത്ത എനിക്ക് അതൊക്കെ നിസ്സാരമായിരുന്നു.
അങ്ങനെ ഒരു ദിവസം ലീവിലായിരുന്ന ഞാന്‍ പിറ്റെ ദിവസം ചെന്നപ്പോള്‍   അവധിയെടുത്തതിന്‍റെ കാര്യം തിരക്കി   അയാള്‍ എന്റെ അടുത്തു വന്നു.അത് അയാളുടെ പേഴ്സണല്‍ ജീവിതത്തിലേക്ക് തുറക്കാനുള്ള ഒരു താക്കോലായി ഞാന്‍ ഉപയോഗിച്ചത്   തികച്ചും അറിയുവാനുള്ള ആഗ്രഹം കൊണ്ടു തന്നെയായിരുന്നു.

ആള്‍ക്കൂട്ടത്തില്‍ തനിയെ എന്ന പോലെ കഴിയുന്ന ആ മനുഷ്യന്‍റെ  ജീവിതത്തിലെന്തൊക്കെയോ സംഭവിച്ചിരിക്കുന്നുയെന്നും അതിന്‍റെ ആഘാതത്തില്‍ ഒരു തുരുത്തിലെ കണ്ടല്‍ക്കാടുപോലെ ഒറ്റപ്പെട്ടുപോയ ആ മനുഷ്യന്‍റെ ഉള്ളറകളിലെന്തൊക്കെയോ ഒളിഞ്ഞിരിപ്പുണ്ടെന്നും എനിക്കു മനസ്സിലായി.

 അന്നു വൈകിട്ട് വീട്ടില്‍ ചെന്നപാടെ എന്‍റെ പ്രിയപ്പെട്ട സ്നേഹിത ഹര്‍ഷ..എന്‍റെ മനസ്സാക്ഷി സൂക്ഷിപ്പുകാരി എന്നു തന്നെ വേണമെങ്കില്‍ പറയാം. അവളോട് ഞാനക്കാര്യം പറഞ്ഞു. ആദ്യമായി അയാള്‍ എന്‍റെടുത്തു വന്ന് ലീവെടുത്ത കാര്യം തിരക്കിയത്. അവള്‍ എന്നെയൊന്ന് കളിയാക്കുകയും ചെയ്തു. വിശ്വാമിത്രന്‍റെ തപസ്സിളക്കിയോ എന്ന് ചോദിച്ചു കൊണ്ട്. എന്നിട്ട് ഇതും കൂടി കൂട്ടി ചേര്‍ത്തു. പെണ്ണേ എന്നാണ് അയാളുടെ വായീന്ന് മേടിക്കുന്നതെന്നു കൂടി നോക്കിക്കോ. കരുതിയിരുന്നോ എന്നും.

പിറ്റേ ദിവസം ഉച്ചയൂണു കഴിഞ്ഞ് ഞാനയാളുടെ സീറ്റിനെതിര്‍ വശം ഇട്ടിരുന്ന കസേരയില്‍ പോയിരുന്നു.നല്ലൊരു പുഞ്ചിരി   എനിക്കു സമ്മാനിച്ച അയാള്‍ക്ക് ചിരിക്കാനറിയാമല്ലോയെന്ന് ഞാന്‍ മനസ്സില്‍ പറഞ്ഞു. ആ ചിരിയുടെ ഓളത്തിലലിഞ്ഞിരുന്ന അയാളോട് ഞാന്‍ പതുക്കെ വീട്ടു കാര്യങ്ങള്‍ എടുത്തിട്ടു. എന്‍റെ
ഭര്‍ത്താവിന്‍റെയും കുട്ടിയുടേയും ഒക്കെ കാര്യങ്ങള്‍ പറഞ്ഞു കഴിഞ്ഞ് അയാളുടെ കുടുംബത്തിനെ പറ്റി ചോദിച്ചു.

മധ്യവയസ്സായിട്ടും ഒറ്റയാനായി കഴിയുന്ന അയാളുടെ മനസ്സു തുറന്നപ്പോള്‍
ഒരു ഉരുള്‍ പൊട്ടലിന്‍റെ ബാക്കി പത്രത്തില്‍ നദിയിലടിഞ്ഞു കൂടിയ പാറക്കഷണങ്ങള്‍ പോലെ അയാളുടെ മനസ്സില്‍ നിന്നും ഒരിക്കലും മാഞ്ഞു പോകാത്ത കുറെ കയ്പേറിയ യാഥാര്‍ത്ഥ്യങ്ങളുടെ പൊതി എന്‍റെ മുമ്പില്‍ നിരത്തി വെച്ചു. അതില്‍ ഒരു തരിപോലും മധുരിക്കുന്നത് കണ്ടെത്താനാകാഞ്ഞ തനിക്ക് അയാളുടെ പരിക്കന്‍ സ്വഭാവത്തിന്‍റെ ഏകദേശ  കാരണം മനസ്സിലായി.

അന്നത്തെ ലഞ്ചു ബ്രേക്കിന്‍റെ സമയം കഴിഞ്ഞതിനാല്‍ ഞാനെന്‍റെ സീറ്റിലേക്കു പോയി. പിറ്റെ ദിവസം ഉച്ചയൂണു കഴിഞ്ഞ് ഓരോ പൊതിയായി തുറക്കാം എന്നുള്ളത് മനസ്സില്‍ കണക്കു കൂട്ടി.
അന്നും പതിവു പോലെ വീട്ടില്‍ ചെന്നിട്ട് ആദ്യം ഹര്‍ഷയെയാണ് വിളിച്ചത്. കാര്യം പുരോഗമിക്കുകയാണല്ലോ എന്ന് അവളൊരു കമന്‍റും തന്നു.
 ശരിക്കു പറഞ്ഞാല്‍ പിറ്റെ ദിവസം ഉച്ചയൂണു കഴിഞ്ഞുള്ള സമയമെത്തുവാന്‍ ഞാന്‍ കാത്തിരുന്നു.

13 comments:

  1. ബാക്കി കഥയറിയാന്‍ ഞാനും കാത്തിരിക്കുന്നുണ്ട്.

    ReplyDelete
  2. ബാക്കി കഥയറിയാന്‍ ഞാനും കാത്തിരിക്കുന്നുണ്ട്.

    ReplyDelete
    Replies
    1. ajith bai, ആദ്യമേ വന്ന്വായിച്ചല്ലൊ. സന്തോഷം.

      Delete
  3. ആള്‍ക്കൂട്ടത്തില്‍ തനിയെ എന്താണെന്ന് അടുത്ത ഭാഗത്തില്‍ ആയിരിക്കും അല്ലെ?

    ReplyDelete
    Replies
    1. റാംജി, വായിച്ചുനോക്കുക അടുത്തഭാഗം.

      Delete
  4. വരട്ടേ.. അടുത്ത ഭാഗം..

    ReplyDelete
    Replies
    1. ബുധനാഴ്ച ഇടാം.മാഗസിനില്‍പ്രസിദ്ധീകരിച്ചതിനു ശേഷമേഇടാവുള്ളു എന്നാണ്.

      Delete
  5. ഇനി കുറച്ചുകാലം കേരളകൗമുദി ആഴ്ചപ്പതിപ്പ് വാങ്ങണം....
    തുടർ ലക്കങ്ങൾ കൂടി വായിച്ചിട്ട് അഭിപ്രായം പറയാം.....

    ReplyDelete
    Replies
    1. ഒരു കോപ്പി എന്‍റ പേരില്‍ ചിലവാകുമല്ലൊ. സന്തോഷം പ്രതീപ്

      Delete
  6. ആദ്യ ഭാഗം നന്നായി. തുടര്‍ലക്കങ്ങള്‍ കൂടി വായിച്ചു വിശദമായ അഭിപ്രായം കുറിക്കാം

    ReplyDelete
    Replies
    1. മാഷേ, മുഴുവനും വായിച്ചിട്ട് വിശദമായ അഭിപ്രായം തന്നെങ്കിലേ എന്‍റെ രചനകള്‍ ഒന്നുകൂടി മെച്ചപ്പെടുത്താന്‍ പറ്റു.

      Delete

Related Posts Plugin for WordPress, Blogger...