Wednesday, January 29, 2014

പറയാന്‍മറന്നത്(മൂന്നാംഭാഗം)കേരളകൌമുദി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചുവരുന്ന നോവല്‍






അവധി കഴിഞ്ഞു വന്ന പ്രവൃത്തിദിവസവും പതിവുപോലെ എല്ലാവരും എത്തി. പക്ഷേ അലക്‍സിന്‍റെ സീറ്റൊഴിഞ്ഞു കിടന്നിരുന്നു. ഞാനിടയ്ക്കിടക്ക് ജോലിക്കിടയില്‍ അങ്ങോട്ടു നോക്കുന്നുണ്ടായിരുന്നു. ഒരു പതിനൊന്നു മണിയായപ്പോള്‍ വിയര്‍ത്തു കുളിച്ച് അലക്‍സ് വന്നുചേര്‍ന്നു. എന്തോ  പ്രശ്നമുള്ളതു പോലെ തോന്നി. ഞാന്‍ ഉച്ചക്കു മുമ്പായിട്ടു തന്നെ അലക്‍സിനടുത്തേക്കു ചെന്നു. താമസിച്ചതിന്‍റെ കാരണം തിരക്കി. അമ്മച്ചിയെ ആശുപത്രിയില്‍ അഡ്മിറ്റാക്കിയിരിക്കുകയാണെന്നു പറഞ്ഞു.
 അന്നും ഉച്ചക്കു് പതിവു പോലെ  അലക്സിന്‍റെടുത്ത് പോയിരുന്നു. പക്ഷെ അന്നയാള്‍ അമ്മച്ചിയുടെ അസുഖ കാര്യമാണ് മുഴുവന്‍ സമയവും പറഞ്ഞത്.  അയാളന്ന് ആകെ അസ്വസ്ഥനായിരുന്നു. അമ്മച്ചിയുടെ ചെറിയ അസുഖം പോലും അയാളെ വളരെധികം പ്രയാസപ്പെടുത്തുന്നുണ്ടായിരുന്നു. പിറ്റെന്ന് ഉച്ചക്ക് അലക്‍സ് എന്‍റെ സീറ്റിനരികിലേക്കു വരുകയായിരുന്നു. അമ്മച്ചിയെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ആക്കിയതിനാല്‍ അയാള്‍ തലേന്നാളത്തെക്കാളും സന്തോഷവാനായിരുന്നു.
 അന്നയാള്‍ അയാളുടെ ആത്മകഥയുടെ ബാക്കി  കൂടി പറഞ്ഞു തുടങ്ങി.
 ജിജോയുടേയും ബന്നിച്ചന്‍റെയും പത്താംക്ലാസ്സ്  റിസള്‍ട്ടറിഞ്ഞു.ജിജോ എല്ലാ വിഷയത്തിനും ഒന്നാമതായി പാസ്സായിരിക്കുന്നു. ബന്നിച്ചന്‍ ഒരു വിഷയത്തിനു പോലും ജയിച്ചില്ല.
ബന്നിച്ചനെക്കാളും കൂടുതല്‍പ്രയാസം ജിജോവിനായിരുന്നു. വീണ്ടും ബന്നിച്ചന്‍ ഒരു പ്രാവശ്യം കൂടി ശ്രമം നടത്തി. പക്ഷേ ചേമ്പിലയില്‍ വീണ വെള്ളം പോലെ ബന്നിച്ചന്‍റെ തലയ്ക്കകത്തു നിന്നും പാഠങ്ങളൊന്നും തങ്ങിനില്‍ക്കാതെ ഒലിച്ചുപോയിരുന്നു.
 അത്തവണയും ബന്നിച്ചന്‍ തോല്‍ക്കുകയായിരുന്നു.

റോബര്‍ട്ടിന്‍റെ സ്വപ്നങ്ങള്‍ വഴികാണാതുഴറുന്ന യാത്രക്കാരനെപ്പോലെ ഹൃദയത്തില്‍
കിടന്നു  വട്ടം കറങ്ങി.

 അലക്‍സ് ഡിഗ്രിക്കു പഠിക്കുന്ന കോളേജിലാണ്  ജിജോവിനെ പ്രിഡിഗ്രിക്കു ചേര്‍ത്തത്.
 ബന്നിച്ചനില്ലാത്ത ആദ്യ ദിവസങ്ങള്‍ ജിജോവിന് കോളേജില്‍ പോകുവാന്‍ നല്ല ബുദ്ധിമുട്ടായിരുന്നു. പിന്നെ പിന്നെ അവനത് അഡ്ജസ്റ്റു ചെയ്തു.

ഒരു വയറു വേദനയിലായിരുന്നു ആ തുടക്കം.  അലക്‍സിന്‍റെ പ്രിയപ്പെട്ട അനുജന്‍റെ മരണം  കവര്‍ ന്നെടുക്കാനൊരു ഹേതു. അസമയത്തു വന്നു കേറിയ കോമാളിയെ പോലെ...  .കരളിനെ ആക്രമിച്ച തീരാവ്യാധി. അങ്ങനെ അവറാച്ചന്റെ അഞ്ചു മക്കളില്ഏറ്റവും മിടുക്കനെ കര്ത്താവു നേരത്തെ തിരികെ വിളിച്ചു.

കര്‍ത്താവിന് കൂടുതല്‍ സ്നേഹമുള്ളവരെ കര്‍ത്താവ് തന്‍റെ അടുക്കലേക്ക് നേരത്തെ കൊണ്ടുപോകും എന്നു പറഞ്ഞ്     ജിജോവിന്‍റെ ജീവന്‍ പൊലിഞ്ഞപ്പോളെല്ലാവരും               സമാധാനിയ്ക്കാന്‍ ശ്രമിച്ചു. ജിജോവിന്‍റെ മരണംഅമ്മച്ചിയേക്കാളും അപ്പച്ചനെയാണ് കൂടുതല്‍ തളര്‍ത്തിയത്.
 പള്ളി സെമിത്തേരിയിലെ  ശവംനാറിപ്പൂക്കള്‍ പലപ്രാവശ്യം പൂത്തു കൊഴിഞ്ഞു.
 ജിജോയുടെ  ഒരു ഓര്‍മ്മ പുതുക്കലിന്‍റെ പിറ്റെന്നാണ് ബെന്നിച്ചന്‍റെ പപ്പ റോബര്‍ട്ട് അലക്‍സിനോട് അക്കാര്യം പറഞ്ഞത്.
 അയാളുടെ അകന്ന ബന്ധത്തിലുള്ള ആരോ ഒരാള്‍ അടുത്തിടെ വരുന്നുണ്ടെന്നും
ബന്നിച്ചനെ അയാള്‍ ഗള്‍ഫിലേക്ക് കൊണ്ടുപോകാമെന്നു് ഏറ്റിട്ടുണ്ടെന്നും. പക്ഷേ പിന്നീടു പറഞ്ഞ കാര്യം.....
താന്‍  പലദിവസങ്ങള്‍ അതിനെപ്പറ്റി തിരിച്ചും മറിച്ചും ചിന്തിച്ചു. എന്നിട്ടാണ് ആ ഉറച്ച തീരുമാനം എടുത്തത്. അതറിയാവുന്ന ഒരേ ഒരാള്‍ ജിന്‍സിമോള്‍ മാത്രമായിരുന്നു.

അന്നുച്ചക്കലത്തെ ലഞ്ച് ബ്രേക്ക് തീര്‍ന്നപ്പോള്‍ എനിക്ക്എന്തെന്നില്ലാത്ത വിഷമമായിരുന്നു. അലക്‍സിന്‍റെ ജീവിത നൌകയ്ക്കേറ്റ ഉലച്ചില്‍...പങ്കായമില്ലാത്ത തോണിപോലെ... കരകാണാതെ കാറ്റിലും കോളിലും  പെട്ട ഒരു പായ്ക്കപ്പല്‍.

ഒരു നല്ല നീണ്ട കഥ പറഞ്ഞു തരുന്നതുപോലെ അലക്‍സ് അയാളുടെ   നേര്‍ ജീവിതം എന്‍റെടുക്കല്‍ പറയുമ്പോള്‍ ചുമടുതാങ്ങിയില്‍ ഭാരം ഇറക്കിവെച്ച ഒരു പഥികന്‍റെ മുഖത്തെ ആശ്വാസം ഞാന്‍ കണ്ടു.

എനിക്ക് ആ തീരുമാനം എന്തെന്നറിയാനുളള തിടുക്കമായിരുന്നു പിറ്റെന്ന് ഉച്ചവരെ. ഞാനത്   ഹര്‍ഷയോടു പറയുമ്പോള്‍ അവള്‍ക്കും ആകാംക്ഷയുണ്ടെന്ന് എനിക്കു മനസ്സിലായി. ഇപ്പോള്‍ എന്നെക്കാളും അലക്‍സിന്‍റെ ജീവിതത്തിലെ താളപ്പിഴകളറിയുവാന്‍ ഹര്‍ഷക്ക് ഔത്സുക്യം കൂടുന്നതുപോലെ. മിക്കവാറും ദിവസങ്ങളില്‍ ഞാന്‍ വിളിക്കാതെ തന്നെ ഹര്‍ഷ വൈകുന്നേരങ്ങളില്‍ വിളിക്കുകയും ചെയ്യും.

അങ്ങനെ പിറ്റെന്നു് ഓഫീസിലെത്തിയപ്പോള്‍ അലക്സിന്‍റെ കസേരയിലോട്ടാണ് ഞാനാദ്യം നോക്കിയത്. അലക്സ് കസേരയില്‍ നേരത്തെ തന്നെ ഇരിപ്പു പിടിച്ചിരുന്നു. ഞാനന്നല്‍പ്പം ലേറ്റായിരുന്നു.  ഹാജര്‍ ബുക്ക് സൂപ്രണ്ടിന്‍റെ മുമ്പിലായിരുന്നു. ഒപ്പിടാന്‍ ചെന്നപ്പോള്‍ അടുത്തമാസം മുതല്‍ പഞ്ചിംഗ് തുടങ്ങാന്‍ പോകുന്നു എന്നും അറ്റെ  ഡെന്‍സ് സിസ്റ്റത്തിന്‍റെ ഇന്‍സ്റ്റലേഷന്‍ പൂര്‍ത്തിയായി എന്നും സൂപ്രണ്ട്
ഒരു മുന്നറിയിപ്പു പോലെ പറഞ്ഞു.

ഉച്ച വരെയുള്ള ജോലി തീര്‍ത്ത്  അന്ന് അല്‍പ്പം നേരത്തെ തന്നെ ഊണു കഴിച്ചിട്ട് അലക്സ് കാന്‍റീനില്‍ നിന്നും ഊണു കഴിഞ്ഞു വരുവാന്‍  വേണ്ടി കാത്തിരുന്നു.

1 comment:

  1. കഥ തുടരട്ടെ
    ആശംസകള്‍

    ReplyDelete

Related Posts Plugin for WordPress, Blogger...